Skip to content

പ്രതീക്ഷകൾ അസ്തമിച്ചു ! ശ്രീലങ്കയ്ക്ക് ലോകകപ്പ് ഡയറക്ട് ക്വാളിഫിക്കേഷൻ നഷ്ടമായി

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലേക്ക് ഡയറക്റ്റ് ക്വാളിഫിക്കേഷൻ നേടാനാകാതെ ശ്രീലങ്ക. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടതോടെയാണ് ശ്രീലങ്കയ്ക്ക് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കാതെ പോയത്.

ഇതോടെ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിൽ ശ്രീലങ്ക കളിക്കേണ്ടിവരും. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 157 റൺസിൽ ചുരുക്കികെട്ടിയ ന്യൂസിലൻഡ് 158 റൺസിൻ്റെ വിജയലക്ഷ്യം 32.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 86 റൺസ് നേടിയ വിൽ യങാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ന്യൂസിലൻഡിന് വിജയം സമ്മാനിച്ചത്. ഹെൻറി നിക്കോൾസ് 44 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 41.3 ഓവറിൽ 157 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 64 പന്തിൽ 57 റൺസ് നേടിയ പാതും നിസങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്.

ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി പത്തോവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഷിപ്ലെ 8.3 ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഡാരൽ മിച്ചൽ 7 ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് ന്യൂസിലൻഡ് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.