Skip to content

ഫാബ് ഫോർ ആദ്യമായി ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. പക്ഷേ സ്റ്റീവ് സ്മിത്ത് എത്തുന്നത് പുതിയ റോളിൽ

ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോറായ വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ ചരിത്രത്തിലാദ്യമായി ഒരേ സീസണിൽ ഐ പി എല്ലിൻ്റെ ഭാഗമാകുന്നു. വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവർ കളിക്കളത്തിൽ കളിക്കുമ്പോൾ പുതിയ റോളിലാണ് സ്റ്റീവ് സ്മിത്ത് എത്തുന്നത്.

ആഷസ് തയ്യാറെടുപ്പിൻ്റെ ഭാഗമായി ഐ പി എൽ ലേലത്തിൽ നിന്നും പിന്മാറിയ സ്റ്റീവ് സ്മിത്ത് ഇക്കുറി കമൻ്റേറ്ററായാണ് ഐ പി എല്ലിൻ്റെ ഭാഗമാകുന്നത്. സ്റ്റാർ സ്പോർട്സിന് വേണ്ടിയാണ് സ്റ്റീവ് സ്മിത്ത് കമൻ്റേറ്ററായി എത്തുന്നത്. വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുമ്പോൾ കെയ്ൻ വില്യംസൻ ഇക്കുറി ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കളിക്കുന്നത്.

മറുഭാഗത്ത് രാജസ്ഥാൻ റോയൽസിലൂടെ ഐ പി എൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജോ റൂട്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായാണ് ഈ നാല് പേരും അറിയപെടുന്നത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കോഹ്ലി ബഹുദൂരം മുൻപിലാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഈ നാല് പേരും ഒപ്പത്തിനൊപ്പമാണ്.

ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് 30 സെഞ്ചുറിയും ജോ റൂട്ട് 29 സെഞ്ചുറിയും വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും 28 സെഞ്ചുറി വീതവും നേടിയിട്ടുണ്ട്.