Skip to content

ആ കാലഘട്ടത്തിലായിരുന്നുവെ ങ്കിൽ അവൻ ഇത്രയധികം സെഞ്ചുറി നേടുമായിരുന്നില്ല. ഷോയിബ് അക്തർ

തങ്ങളുടെ കാലഘട്ടത്തിലാണ് കളിച്ചിരുന്നതെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയധികം സെഞ്ചുറി നേടുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമായിരുന്നില്ലെന്ന് മുൻ പാക് താരം ഷോയിബ് അക്തർ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 496 മത്സരങ്ങളിൽ നിന്നും 76 സെഞ്ചുറി കോഹ്ലി നേടിയിട്ടുണ്ട്. 100 സെഞ്ചുറി നേടിയ സച്ചിൻ മാത്രമാണ് കോഹ്ലിയ്‌ക്ക് മുൻപിലുള്ളത്.

താനും വഖാർ യൂനിസും വസീം അക്രവും അടക്കമുളള ബൗളർമാർ മികച്ച ഫോമിലാണെങ്കിൽ തങ്ങളെ നേരിടാൻ കോഹ്ലി ബുദ്ധിമുട്ടുമായിരുന്നുവെന്നും അവനെ ഞങ്ങൾ ഒരുപാട് സ്ലെഡ്ജ് ചെയ്യുമായിരുന്നുവെന്നും ഒരു പഞ്ചാബി ആയതിനാൽ അവൻ പ്രതികരിക്കുകയും ചെയ്തേനെയെന്നും അക്തർ പറഞ്ഞു.

തങ്ങളുടെ കാലഘട്ടത്തിലാണ് കളിച്ചിരുന്നതെങ്കിൽ 70 ലധികം സെഞ്ചുറി നേടുവാൻ കോഹ്ലിക്ക് സാധിക്കുകയില്ലായിരുന്നുവെന്നും മുപ്പതോ അമ്പതോ സെഞ്ചുറി കോഹ്ലി നേടുമായിരുന്നുവെന്നും എന്നാൽ അതെല്ലാം തന്നെ മറ്റൊരു തലത്തിലുള്ള സെഞ്ചുറികൾ ആയേനെയെന്നും അക്തർ പറഞ്ഞു. വ്യക്തിപരമായി ഏറ്റവും മികച്ച ബാറ്റ്സ്മാനായി തോന്നിയത് സുനിൽ ഗവാസ്കറെയാണെന്നും കാരണം എൺപതുകളിൽ ബൗളർമാരെ നേരിടുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും സച്ചിനും ബൗളർമാർക്ക് യാതൊരു നിയന്ത്രണങ്ങൾ ഇല്ലാത്ത കാലഘട്ടത്തിലാണ് കളിച്ചിരുന്നതെന്നും അക്തർ കൂട്ടിച്ചേർത്തു.