Skip to content

ഇന്ത്യൻ ടീമിനെ ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിനായി പാകിസ്ഥാനിലെത്തിയാൽ ഇന്ത്യൻ ടീമിനെ തങ്ങൾ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. മുൻപ് ഇന്ത്യയിൽ പ്രവേശിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിയുണ്ടായിട്ടും പാകിസ്ഥാൻ പര്യടനത്തിനായി ഇന്ത്യയിലെത്തിയിരുന്നുവെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

” നിങ്ങൾ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയച്ചുനോക്കൂ. അവരെ ഞങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കും. ഇതിന് മുൻപ് ഒരിക്കൽ മുംബൈയിൽ ഉള്ള ഒരു ഇന്ത്യക്കാരൻ പാകിസ്ഥാനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കി. പക്ഷേ അതൊന്നും വില കൊടുക്കാതെ ഞങ്ങൾ ഇന്ത്യയിലേക്ക് പോയി. ഞങ്ങളുടെ ഗവൺമെൻ്റ് അതൊരു ഉത്തരവാദിത്വത്തമായി ഏറ്റെടുത്തു. അതുകൊണ്ട് ഭീഷണികൾ നമ്മുടെ ബന്ധം ഇല്ലാതാക്കികൂടാ. ” അഫ്രീദി പറഞ്ഞു.

ഇന്ത്യ പാകിസ്ഥാനിലേക്ക് വരികയാണെങ്കിൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപെടുത്തുമെന്നും ഈ തലമുറ യുദ്ധവും ആക്രമണവും ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയ്ക്കെതിരെ സ്നേഹത്തോടെയാണ് തങ്ങൾ കളിച്ചിട്ടുള്ളതെന്നും ഇന്ത്യയിൽ വന്നപ്പോഴേല്ലാം നല്ല പ്രതികരണമാണ് പാകിസ്ഥാന് ലഭിച്ചിട്ടുള്ളതെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു.

ഏഷ്യ കപ്പ് സംബന്ധിച്ച വേദിയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയുടെ മത്സരങ്ങൾ യു എ ഇയിൽ വെച്ചും മറ്റു മത്സരങ്ങൾ പാകിസ്ഥാനിൽ വെച്ചും നടത്തിയേക്കുമെന്നുമാണ് നിലവിൽ റിപ്പോർട്ടുകളുള്ളത്. മത്സരങ്ങൾ യു എ ഇയിൽ വെച്ചുനടത്തിയാലും ആതിഥേയരായി പാകിസ്ഥാൻ തന്നെ തുടരും.