Skip to content

കമ്മിൻസ് തിരിച്ചെത്തില്ല. ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത്  നയിക്കും. അമ്മയുടെ അസുഖത്തെ തുടർന്ന് രണ്ടാം ടെസ്റ്റിന് പുറകെ ഓസ്ട്രേലിയയിലേക്ക് മടങ്ങിയ കമ്മിൻസ് ഓസ്ട്രേലിയയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെയാണ് നാലാം ടെസ്റ്റിലും സ്മിത്ത് തന്നെയാകും ക്യാപ്റ്റനെന്ന് ടീം അറിയിച്ചത്.

ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായി പരാജയപെട്ട ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവായിരുന്നു സ്മിത്തിന് കീഴിൽ മൂന്നാം ടെസ്റ്റിൽ നടത്തിയത്. ക്യാപ്റ്റൻസിയിൽ സ്മിത്ത് പുലർത്തിയ മികവിനെ മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി അടക്കമുളള മുൻ താരങ്ങൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 9 വിക്കറ്റിൻ്റെ വിജയം കുറിച്ച ഓസ്ട്രേലിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിൽ വിജയിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് വിജയം ആവശ്യമാണ്. മത്സരത്തിൽ പരാജയപെട്ടാൽ കൂടി ന്യൂസിലൻഡ് ശ്രീലങ്ക പരമ്പരയിൽ ശ്രീലങ്ക രണ്ട് മത്സരങ്ങൾ വിജയിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ഫൈനലിൽ പ്രവേശിക്കാം.

ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ പോലെ സ്പിൻ ട്രാക്ക് മൂന്നാം ടെസ്റ്റിലൊരുക്കുവാനുള്ള സാധ്യത കുറവാണ്. ആദ്യ മൂന്ന് ടെസ്റ്റും വെറും മൂന്ന് ദിനം മാത്രമാണ് നീണ്ടുനിന്നത്. കൂടാതെ മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോർ പിച്ചിന് മോശം റേറ്റിങാണ് ഐസിസി നൽകിയത്. ഇന്ത്യൻ ടീമിൽ മൊഹമ്മദ് സിറാജിന് പകരം സീനിയർ പേസർ ഷാമി എത്തിയേക്കും. കാര്യമായ മറ്റു മാറ്റങ്ങൾ ഇരുടീമിലും ഉണ്ടായേക്കില്ല.