ബുംറയ്‌ക്ക് പകരക്കാരനായി കോഹ്ലിയെ വിറപ്പിച്ച ബൗളറെ എത്തിക്കാൻ മുംബൈ ഇന്ത്യൻസ്

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇന്ത്യൻ പേസർ സന്ദീപ് ശർമ്മയെ ടീമിലെത്തിക്കാനൊരുങ്ങി മുംബൈ ഇന്ത്യൻസ്. പരിക്കിനെ നാഷണൽ അക്കാദമിയിൽ തുടരുകയായിരുന്ന ബുംറ വിദഗ്ദ ചികിത്സയ്ക്കായി ന്യൂസിലൻഡിലേക്ക് തിരിച്ചിരുന്നു. ഇതോടെ ഐ പി എല്ലിലും ബുംറ കളിക്കില്ല. മുംബൈ ഇന്ത്യൻസിൻ്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ ബുംറയുടെ ചികിത്സ നടക്കുന്നത്.

ബുംറയ്‌ക്ക് പകരക്കാരനായി പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സന്ദീപ് ശർമ്മയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സീസണിന് മുൻപായി നടന്ന ലേലത്തിൽ താരം അൺസോൾഡായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 104 മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് ശർമ്മ 114 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

വിരാട് കോഹ്ലിയ്ക്കെതിരായ റെക്കോർഡാണ് താരത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഐ പി എല്ലിൽ കോഹ്ലിയെ ഏഴ് തവണ താരം പുറത്താക്കിയിട്ടുണ്ട്. ലീഗിൽ കോഹ്ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയിട്ടുള്ള ബൗളറും കൂടിയാണ് സന്ദീപ് ശർമ്മ.

അതിനിടെ ഓസ്ട്രേലിയൻ യുവ പേസർ ജൈ റിച്ചാർഡ്സണും ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചേക്കില്ല. പരിക്കിനെ തുടർന്ന് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും പുറത്തായ താരം ഐ പി എല്ലിലും കളിച്ചേക്കില്ല. ലേലത്തിൽ 1.5 കോടിയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നത്.