Skip to content

കുത്തിതിരിഞ്ഞ് പന്ത്. ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ക്രീസിൽ അശ്വിനും അക്ഷറും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ 84 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായി.

മറ്റു രണ്ട് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ആദ്യ ദിനത്തിൽ തന്നെ വമ്പൻ ടേണാണ് കണ്ടത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 12 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുലിന് പകരക്കാരനായി എത്തിയ ശുഭ്മാൻ ഗിൽ 18 പന്തിൽ 21 റൺസ് നേടി പുറത്തായി. ചേതേശ്വർ പുജാര ഒരു റൺസും രവീന്ദ്ര ജഡേജ നാല് റൺസും ശ്രേയസ് അയ്യർ റൺസൊന്നും നേടാതെയും പുറത്തായപ്പോൾ 52 പന്തിൽ 22 റൺസ് നേടിയ വിരാട് കോഹ്ലിയും 30 പന്തിൽ 17 റൺസ് നേടിയ ശ്രീകർ ഭരതും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

6 റൺസ് നേടിയ അക്ഷർ പട്ടേലും ഒരു റൺ നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. ഡൽഹി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇരുവരുമാണ് ഇന്ത്യയ്ക്ക് വേണ്ടി രക്ഷകരായത്. ഇൻഡോറിലും ആദ്യ ഇന്നിങ്സിൽ ഇരുവരും തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഓസ്ട്രേലിയയ്ക്ക് വേണ്ടി കുനെമാൻ, നേതൻ ലയൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ടോഡ് മർഫി ഒരു വിക്കറ്റ് നേടി. മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയയും ഇന്ത്യയും എത്തിയിരിക്കുന്നത്. കമ്മിൻസിന് പകരക്കാരനായി സ്റ്റാർക്കും റെൻഷോയ്ക്ക് പകരക്കാരനായി കാമറോൺ ഗ്രീനും എത്തിയപ്പോൾ ഇന്ത്യൻ നിരയിൽ കെ എൽ രാഹുലിന് പകരക്കാരനായി ഗില്ലും ഷാമിയ്ക്ക് പകരക്കാരനായി ഉമേഷ് യാദവും ടീമിലെത്തി.