Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് നാലാം തവണ. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം മത്സരം. അത്യന്തം ത്രസിപ്പിച്ച മത്സരത്തിൽ ഒരു റൺസിനായിരുന്നു കിവികളുടെ വിജയം. മത്സരത്തിലെ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്.

മത്സരത്തിൽ ഫോളോ ഓൺ ചെയ്യപെട്ട ശേഷമായിരുന്നു ശക്തമായി തിരിച്ചെത്തികൊണ്ട് ന്യൂസിലൻഡ് വിജയം കൈവരിച്ചത്. ആദ്യ ഇന്നിങ്സിൽ 209 റൺസിന് പുറത്തായി 226 റൺസിൻ്റെ ലീഡ് വഴങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 483 റൺസ് നേടിയാണ് 258 റൺസിൻ്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തിയത്. മറുപടി ബാറ്റിങിൽ 256 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന് മുഴുവൻ വിക്കറ്റും നഷ്ടമായി.

ഇത് നാലാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീം ഫോളോ ഓൺ ചെയ്യപ്പെട്ട ശേഷം മത്സരത്തിൽ പരാജയപെടുന്നത്. ഇംഗ്ലണ്ടും ഇന്ത്യയും മാത്രമാണ് ഫോളോ ഓൺ ചെയ്യപെട്ട ശേഷം മത്സരത്തിൽ വിജയം നേടിയിട്ടുള്ള മറ്റു ടീമുകൾ.

ഇതിന് മുൻപ് മൂന്ന് തവണയും എതിർടീമിനെ ഫോളോ ഓൺ ചെയ്യിപ്പിച്ച് പണി മേടിച്ചിട്ടുള്ളത് ഓസ്ട്രേലിയയാണ്. 1894 ൽ സിഡ്നിയിൽ ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യിപ്പിച്ച് 10 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഓസ്ട്രേലിയ പിന്നീട് 1981 ൽ ലീഡ്സിലും ഇംഗ്ലണ്ടിനെതിരെ തന്നെ ഇത്തരത്തിൽ പണി ഏറ്റുവാങ്ങി. പിന്നീട് 2001 ൽ കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിപ്പിച്ച ഓസ്ട്രേലിയ 171 റൺസിൻ്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.