Skip to content

ആവേശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു റൺസിൻ്റെ ആവേശ വിജയവുമായി ന്യൂസിലൻഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശവിജയം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 258 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ടിന് 256 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

258 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽ 80 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ടിരുന്നു. തുടർന്ന് 113 പന്തിൽ 95 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. റൂട്ട് പുറത്തായതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായെങ്കിലും വാലറ്റത്തിനൊപ്പം പൊരുതി ഫോക്സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ വിജയിക്കാൻ വെറും 7 റൺസ് വേണമെന്നിരിക്കെ 35 റൺസ് നേടിയ ഫോക്സിനെ പുറത്താക്കികൊണ്ട് സൗത്തീ ന്യൂസിലൻഡിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. പിന്നാലെ വിജയത്തിന് വെറും രണ്ട് റൺസ് അകലെ നാല് റൺസ് നേടിയ ആൻഡേഴ്സണെ പുറത്താക്കികൊണ്ട് വാഗ്നർ ന്യൂസിലൻഡ് വിജയം ഉറപ്പിക്കുകയായിരുന്നു.

ന്യൂസിലൻഡിന് വേണ്ടി വാഗ്നർ നാല് വിക്കറ്റും ടിം സൗത്തീ മൂന്ന് വിക്കറ്റും മാറ്റ് ഹെൻറി രണ്ട് വിക്കറ്റും നേടി.

നേരത്തെ രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്യപെട്ട ന്യൂസിലൻഡ് വമ്പൻ തിരിച്ചുവരവ് നടത്തിയാണ് 258 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയത്. ആദ്യ ഇന്നിങ്സിൽ 226 റൺസിൻ്റെ ലീഡ് വഴങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 483 റൺസ് നേടി. 132 റൺസ് നേടിയ മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. ടോം ബ്ലൻഡൽ 90 റൺസും ടോം ലാതം 83 റൺസും കോൺവെ 61 റൺസും ഡാരൽ മിച്ചൽ 54 റൺസും നേടി.

മറുഭാഗത്ത് ആദ്യ ഇന്നിങ്സിൽ 186 റൺസ് നേടിയ ഹാരി ബ്രൂക്ക്, 153 റൺസ് നേടിയ ജോ റൂട്ട് എന്നിവരുടെ മികവിലാണ് 8 വിക്കറ്റ് നഷ്ടത്തിൽ 435 റൺസ് നേടി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു.