ഇന്ത്യ അവർക്ക് അനുകൂലമായ പിച്ചുകളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. പിച്ചിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി മുൻ ഓസ്ട്രേലിയൻ താരം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഇൻഡോറിൽ ആരംഭിക്കാനിരിക്കെ പിച്ചിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി മുൻ ഓസ്ട്രേലിയൻ താരം മാർക്ക് ടെയ്‌ലർ. ഇന്ത്യ അവർക്ക് അനുകൂലമായ പിച്ചുകൾ മാത്രമാണ് ഒരുക്കികൊണ്ടിരിക്കുന്നതെന്നും ഇത്തരത്തിലുള്ള പിച്ചുകളിൽ കളിച്ച് പരിചയം ഓസ്ട്രേലിയക്ക് ഇല്ലെന്നും മാർക്ക് ടെയ്‌ലർ പറഞ്ഞു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫി ഇതിനോടകം നിലനിർത്തികഴിഞ്ഞു. ഇനി ഒരു മത്സരത്തിൽ കൂടെ വിജയിച്ചാൽ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കൂടെ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

” തീർച്ചയായും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഓസ്ട്രേലിയൻ താരങ്ങൾ ഐ പി എല്ലിനായി അങ്ങോട്ട് പോകുന്നുണ്ട്. പക്ഷേ അവിടുത്തെ പിച്ചുകൾ വളരെ വ്യത്യസ്തമാണ്. അതിലൊരു സംശയവും വേണ്ട. അവരുടെ കളിക്ക് അനുയോജ്യമായ സ്ലോ ലോ ടേണറുകളാണ് അവർ ഒരുക്കികൊണ്ടിരിക്കുന്നത്. പോസിറ്റീവായി നമ്മൾ പരമ്പരയ്ക്കായി എത്തിയത്. അഗ്രസീവാകുയെന്നത് മോശം കാര്യമല്ല. പക്ഷേ അതിനുള്ള ടെക്നിക്കും ആവശ്യമാണ്. രണ്ടാം ടെസ്റ്റിൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ നമ്മൾ തീർത്തും പരാജയപെട്ടു. ” മാർക്ക് ടെയ്‌ലർ പറഞ്ഞു.

ഇന്ത്യയിൽ മുൻപും ഓസ്ട്രേലിയയ്ക്ക് നല്ല ഓർമ്മകളല്ല ഉള്ളതെന്നും 1998 ലെ പര്യടനത്തിലെ കൊൽക്കത്ത ടെസ്റ്റിൽ ഓസ്ട്രേലിയ ദയനീയമായി പരാജയപെട്ടുവെന്നും എന്നാൽ ബാംഗ്ലൂർ ടെസ്റ്റിൽ ശക്തമായി തിരിച്ചെത്തുവാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിരുന്നുവെന്നും പക്ഷേ ഇപ്പോഴത്തെ ടീമിന് നിലവിലുള്ള പിച്ചുകൾ വെച്ചുനോക്കിയാൽ തിരിച്ചുവരവ് ഒരിക്കലും എളുപ്പമല്ലെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.