Skip to content

ഇത് ചരിത്രം. ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്ക ലോകകപ്പ് ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ആതിഥേയരായ സൗത്താഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമി ഫൈനലിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തിയ ഇംഗ്ലണ്ടിനെ 6 റൺസിന് തകർത്തുകൊണ്ടാണ് സൗത്താഫ്രിക്ക ഫൈനലിൽ പ്രവേശിച്ചത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 165 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടുവാനെ സാധിച്ചുള്ളൂ. നാലോവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ അയബോംഗ കാകയും 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഷബ്നിം ഇസ്മൈലുമാണ് ഇംഗ്ലണ്ടിനെ തകർത്ത് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്.

ചരിത്രത്തിൽ ഇതാദ്യമായാണ് സൗത്താഫ്രിക്ക ഐസിസി ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. സൗത്താഫ്രിക്കയുടെ പുരുഷ ടീമിന് പോലും ഇതിന് മുൻപ് ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല.

ഇന്നലെ നടന്ന സെമിഫൈനലിൽ ഇന്ത്യയെ 5 റൺസിന് പരാജയപെടുത്തികൊണ്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇത് ഏഴാം തവണയാണ് ഓസ്ട്രേലിയ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഫെബ്രുവരി 26 ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.