Skip to content

നിർഭാഗ്യമല്ല അലസതയാണ് ആ റണ്ണൗട്ടിന് കാരണം. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ റണ്ണൗട്ട് ഒരിക്കലും നിർഭാഗ്യം മാത്രമായി കാണാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി. അപ്രതീക്ഷതമായി ലഭിച്ച അവസരം തക്കസമയത്ത് പ്രയോജപ്പെടുത്തി അലിസ ഹീലി ബെയ്ൽസ് തെറിപ്പിച്ചതോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്.

സെമിയിൽ ഓസ്ട്രേലിയക്ക് മത്സരത്തിൽ തിരിച്ചെത്താൻ വഴിതുറന്നതും ആ റണ്ണൗട്ട് തന്നെയായിരുന്നു. പരിശ്രമിച്ചിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ക്രീസിലെത്തുവാൻ ഹർമൻപ്രീത് കൗറിന് കഴിയുമായിരുന്നുവെന്നും ഫീൽഡിങിൽ മികവ് പുലർത്തുന്നത് പോലെ പ്രാധാന്യം റണ്ണോടുന്നതിനും ഉണ്ടെന്നാണ് താൻ കരുതുന്നതെന്നും ഹീലി പറഞ്ഞു.

” സാധാരണ വെറുതെ ബെയ്ൽസ് കളയുന്നത് എനിക്കിഷ്ടമല്ല. അത് സമയനഷ്ടമുണ്ടാക്കും. അത് അരോചകമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ അന്നെനിക്ക് ബെയ്ൽസ് കളയുവാൻ തോന്നി. അതൊരു വിചിത്രമായ നിമിഷം തന്നെയായിരുന്നു. നിർഭാഗ്യമെന്ന് പറയാനും ഇഷ്ടമുള്ളതെന്ത് പറയുവാനും ഹർമൻപ്രീത് കൗറിന് അവകാശമുണ്ട്. പക്ഷേ ആത്മാർഥമായി ശ്രമിച്ച് അൽപ്പം വേഗത്തിൽ ഓടിയിരുന്നുവെങ്കിൽ ആ രണ്ട് മീറ്റർ അനായാസം മറികടക്കാൻ അവൾക്ക് സാധിച്ചേനെ. ”

” ജീവിതകാലം മുഴുവൻ നിർഭാഗ്യവാനാണെന്ന് നിങ്ങൾക്ക് പറയാം. പക്ഷേ പൊതുവെ അത് ആ സമയത്തെ പരിശ്രമത്തെയും ഊർജത്തെയും കുറിച്ചാണ്. ഫീൽഡിങിൽ മികവ് പുലർത്തേണ്ടതിനെ പറ്റി നമ്മൾ പറയുന്നു. പക്ഷേ അതിൽ റണ്ണിനായി ഓടുന്നതും ഉൾപ്പെടും. എല്ലാ കാര്യങ്ങളിലും എതിരാളികളേക്കാൾ മികവ് പുലർത്തിയാൽ മാത്രമേ വലിയ ടൂർണമെൻ്റുകൾ വിജയിക്കാൻ സാധിക്കൂ. ഞങ്ങൾക്കതിന് സാധിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. ” ഹീലി പറഞ്ഞു.