Skip to content

കമ്മിൻസില്ല. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ സന്ദർശകരായ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും. രണ്ടാം ടെസ്റ്റിന് പുറകെ കുടുംബാംഗത്തിൻ്റെ അസുഖത്തെ തുടർന്ന് ഓസ്ട്രേലിയയിലേക്ക് മടങ്ങിയ ക്യാപ്റ്റൻ കമ്മിൻസ് തിരിച്ചുവരാൻ വൈകിയതോടെയാണ് സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയെ നയിക്കുന്നത്.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപെട്ട ഓസ്ട്രേലിയ ഇതിനോടകം ബോർഡർ ഗവാസ്‌കർ ട്രോഫി കൈവിട്ടു. അടുത്ത മത്സരത്തിൽ വിജയിച്ച പരമ്പര തോൽവി ഒഴിവാക്കുന്നതിനൊപ്പം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ കൂടിയായിരിക്കും ഓസ്ട്രേലിയ ശ്രമിക്കുക. ധർമ്മശാലയിൽ നിശ്ചയിച്ചിരുന്ന മൂന്നാം ടെസ്റ്റ് ഗ്രൗണ്ടിൻ്റെ മോശം അവസ്ഥ കാരണം മധ്യപ്രദേശിലെ ഇൻഡോറിലേക്ക് മാറ്റിയിരുന്നു.

തൻ്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടർന്നാണ് കമ്മിൻസ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. ഓസ്ട്രേലിയയിൽ തന്നെ തുടരാൻ കമ്മിൻസ് തീരുമാനിക്കുകയായിരുന്നു. പരമ്പരയിലെ നാലാം ടെസ്റ്റിൽ താരം തിരിച്ചെത്തുമോയെന്നും ഇപ്പോൾ തീർച്ചയായിട്ടില്ല. ഇപ്പോൾ തന്നെ താരങ്ങളുടെ പരിക്ക് ഓസ്ട്രേലിയയെ അലട്ടുന്നുണ്ട്. വാർണറും ജോഷ് ഹേസൽവുഡും ആഷ്ടൻ അഗറും റെൻഷോയും ഓസ്ട്രേലിയയിലേക്ക് മടങ്ങികഴിഞ്ഞു. മൂന്നാം ടെസ്റ്റിൽ പരിക്കിൽ നിന്നും മുക്തരായ ഓൾ റൗണ്ടർ കാമറോൺ ഗ്രീനും മിച്ചൽ സ്റ്റാർക്കും ഓസ്ട്രേലിയക്കായി തിരിച്ചെത്തിയേക്കും.

മാർച്ച് ഒന്നിനാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാം. മറുഭാഗത്ത് ഒരു സമനില നേടി വൈറ്റ് വാഷ് ഒഴിവാക്കിയാൽ ഓസ്ട്രേലിയക്കും ഫൈനലിൽ പ്രവേശിക്കാം.