ചരിത്രത്തിൽ ഇതാദ്യം. ഹാരി ബ്രൂക്കിൻ്റെ റെക്കോർഡ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം തുടരുകയാണ് യുവതാരം ഹാരി ബ്രൂക്ക്. ഏകശൈലിയിൽ ബാറ്റ് വീശികൊണ്ടിരിക്കുന്ന താരം ടെസ്റ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ റെക്കോർഡ് ബ്രൂക്ക് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 800 റൺസ് താരം പൂർത്തിയാക്കി. ഇതോടെ 9 ഇന്നിങ്സിൽ നിന്നും 800 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഹാരി ബ്രൂക്ക് സ്വന്തമാക്കി. മത്സരത്തിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ 184 റൺസ് നേടി താരം പുറത്താകാതെ ക്രീസിലുണ്ട്.

ആദ്യ 9 ഇന്നിങ്സിൽ ഹാരി ബ്രൂക്കിനേക്കാൾ റൺസ് നേടുവാൻ മറ്റാർക്കും തന്നെ സാധിച്ചിട്ടില്ല. താരത്തിൻ്റെ സ്ട്രൈക്ക് റേറ്റാണ് ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു കാര്യം.

ഈ പ്രകടനം അടക്കം 9 ഇന്നിങ്സിൽ നിന്നും 100.87 ശരാശരിയിൽ 807 റൺസ് ഹാരി ബ്രൂക്ക് നേടിയിട്ടുണ്ട്. ഇത്രയും റൺസ് നേടുവാൻ വെറും 812 റൺസ് മാത്രമാണ് താരത്തിന് വേണ്ടിവന്നത്. താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 99.38 ആണ്. ഇതിനോടകം നാല് സെഞ്ചുറിയും 3 ഫിഫ്റ്റിയും ഹാരി ബ്രൂക്ക് നേടികഴിഞ്ഞു.