Skip to content

സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ശശിതരൂർ

ഇന്ത്യൻ ടീമിൽ കെ എൽ രാഹുലിൻ്റെ സ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ സഞ്ജു സാംസൺ നേരിടുന്ന അവഗണന ചൂണ്ടികാട്ടി ലോക്സഭ എം പി ശശി തരൂർ. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ മേധാവിത്വം പുലർത്തിയപ്പോൾ വീണ്ടും വീണ്ടും കെ എൽ രാഹുൽ ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു.

താരത്തിൻ്റെ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പുറകെ വെങ്കടേഷ് പ്രസാദ് അടക്കമുളള താരങ്ങൾ കെ എൽ രാഹുലിന് വീണ്ടും അവസരം നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

കെ എൽ രാഹുലിൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്ത പങ്കുവെച്ച ട്വീറ്റിന് മറുപടിയായാണ് തൻ്റെ അഭിപ്രായം ശശി തരൂർ പങ്കുവെച്ചത്. പക്ഷപാതമില്ലാതെ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിൻ്റെ നെറുകയിൽ എത്തിയതെന്നും 49 ഇന്നിങ്സിൽ 25 ൽ താഴെ മാത്രം ശരാശരിയുള്ള കെ എൽ രാഹുൽ ടീമിൽ തുടർന്നാൽ അതിന് മാറ്റം വന്നതായി കരുതണമെന്നുമാണ് ശേഖർ ഗുപ്ത കുറിച്ചത്.

അതിന് ശശി തരൂർ നൽകിയ മറുപടി ഇപ്രകാരമായിരുന്നു.

” അപ്പോൾ സഞ്ജുവിൻ്റെ കാര്യമോ ? ഏകദിനത്തിൽ 76 ശരാശരിയുള്ള അവനെ ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ നിന്നും ഒഴിവാക്കി. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാത്തവർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നത് തന്നെ !! പക്ഷേ അത് കഴിവുള്ളവും മികച്ച പ്രകടനം നടത്തുന്നവരെയും ഇല്ലാതാക്കികൊണ്ടാകരുത്. ” അദ്ദേഹം മറുപടിയായി കുറിച്ചു.