ചന്ദ്രപോളിൻ്റെ മകനെ പുറത്താക്കി സൗത്താഫ്രിക്കൻ ഇതിഹാസത്തിൻ്റെ മകൻ

ടെസ്റ്റ് ക്രിക്കറ്റിൽ വിൻഡീസിനായി അരങ്ങേറ്റം കുറിച്ച ശേഷം മികച്ച പ്രകടനമാണ് ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകൻ ടാഗനറൈൻ ചന്ദ്രപോൾ കാഴ്ച്ചവെയ്ക്കുന്നത്. സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറി അടക്കം നേടുവാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ആ മികവ് സൗത്താഫ്രിക്കൻ പര്യടനത്തിലെ ടൂർ മാച്ചിൽ തുടരാൻ താരത്തിന് സാധിച്ചില്ല. മറ്റൊരു ഇതിഹാസ താരത്തിൻ്റെ മകനാണ് മത്സരത്തിൽ ടാഗനറൈൻ ചന്ദ്രപോളിനെ പുറത്താക്കിയത്.

വെസ്റ്റിൻഡീസും സൗത്താഫ്രിക്കൻ ഇൻവൈറ്റേഷൻ ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ മുൻ സൗത്താഫ്രിക്കൻ പേസർ മഖായ എന്റിനിയുടെ മകൻ താൻഡോ എന്റിനിയാണ് ടാഗനറൈൻ ചന്ദ്രപോളിനെ വീഴ്ത്തിയത്. 21 പന്തിൽ ഒരു റൺസ് നേടിയാണ് താരം പുറത്തായത്.

22 ക്കാരനായ താൻഡോ എന്റിനി സൗത്താഫ്രിക്കൻ ക്രിക്കറ്റിൽ വളർന്നുവരുന്ന മികച്ച പ്രതിഭയാണ്. അച്ഛൻ്റെ പാത പിന്തുടരുന്ന താരം വൈകാതെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലും സൗത്താഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും .