Skip to content

ഓസ്ട്രേലിയക്ക് തിരിച്ചടി സൂപ്പർതാരം പരമ്പരയിൽ നിന്നും പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് പുറകെ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിനിടെ പരിക്കേറ്റ ടീമിലെ സീനിയർ താരം ഡേവിഡ് വാർണർ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും പുറത്തായി.

ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും താരം കളിച്ചിരുന്നില്ല. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും മോശം പ്രകടനമാണ് വാർണർ പുറത്തെടുത്തിരുന്നത്. വാർണർ ഉടനെ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയ്ക്ക് മടങ്ങുകയും വിദഗ്ദ ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്തു. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ താരം തിരിച്ചെത്തിയേക്കും.

ഇന്നലെ പരിക്കിനെ തുടർന്ന് ടീമിലെ പേസ് ബൗളർ ജോഷ് ഹേസൽവുഡും പരമ്പരയിൽ നിന്നും പുറത്തായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും നഷ്ടപെട്ട താരം ഇന്നലെ തന്നെ ഓസ്ട്രേലിയയിലേക്ക് തിരിച്ചിരുന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിലും നിലവിൽ ഓസ്ട്രേലിയയിലാണുള്ളത്. കുടുംബാംഗം അസുഖ ബാധിതനായതിനെ തുടർന്നാണ് കമ്മിൻസ് ഇന്ത്യയിൽ നിന്നും മടങ്ങിയത്. മൂന്നാം ടെസ്റ്റിന് മുൻപായി കമ്മിൻസ് ഇന്ത്യയിൽ തിരിച്ചെത്തും.

തിരിച്ചടിക്കിടയിൽ ഓസ്ട്രേലിയക്ക് സന്തോഷം തരുന്ന വാർത്തയും പുറത്തുവരുന്നുണ്ട്. പരിക്കിനെ തുടർന്ന് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഓൾ റൗണ്ടർ കാമറോൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക് എന്നിവർ മൂന്നാം മത്സരത്തിൽ ടീമിനൊപ്പം തിരിച്ചെത്തും.