Skip to content

അയർലൻഡിനെതിരെ വിജയം. ഇന്ത്യ ലോകകപ്പ് സെമിയിൽ

ഐസിസി വനിതാ ടി20 ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. അയർലൻഡിനെതിരായ നിർണ്ണായക പോരാട്ടത്തിലെ വിജയത്തോടെയാണ് സെമിഫൈനൽ യോഗ്യത ഇന്ത്യ ഉറപ്പാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന അയർലൻഡ് 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് നേടി നിൽക്കവേയാണ് മഴ കളി മുടക്കിയത്. DLS നിയമപ്രകാരം 8.2 ഓവറിൽ വിജയിക്കാൻ 59 റൺസാണ് അയർലൻഡിന് വേണ്ടിയിരുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 87 റൺസ് നേടിയ സ്മൃതി മന്ദാനയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ജെമിമ റോഡ്രിഗസ് 12 പന്തിൽ 19 റൺസ് നേടി. ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്നും ഇംഗ്ലണ്ട് ഇതിനോടകം യോഗ്യത നേടികഴിഞ്ഞിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാനെ ഇംഗ്ലണ്ട് നേരിടും. മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചാൽ ഓസ്ട്രേലിയയായിരിക്കും സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

ഗ്രൂപ്പ് എ യിൽ നാലിൽ നാല് മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ യോഗ്യത നേടിയത്. ന്യൂസിലൻഡിനും സൗത്താഫ്രിക്കയ്ക്കുമാണ് ഇനി സെമിഫൈനൽ യോഗ്യത നേടുവാൻ അവസരമുള്ളത്.