ഇന്ത്യൻ ടീമിൻ്റെ പുതിയ കിറ്റ് സ്പോൺസർമാരായി അഡിഡാസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ കിറ്റ് സ്പോൺസർഷിപ്പ് സ്വന്തമാക്കി ഗ്ലോബൽ ബ്രാൻഡായ അഡിഡാസ്. നിലവിൽ കില്ലർ ജീൻസെന്ന ഇന്ത്യൻ കമ്പനിയാണ് താൽകാലികമായി ഇന്ത്യയുടെ കിറ്റ് സ്പോൺസർമാർ. എം പി എൽ പിൻമാറിയതോടെയാണ് താൽക്കാലിക സ്പോൺസർമാരായി കില്ലർ ജീൻസ് എത്തിയത്.

ഈ വർഷം ജൂണിൽ കില്ലർ ജീൻസിൻ്റെ കരാർ അവസാനിക്കും. ഇതിന് ശേഷമായിരിക്കും അഡിഡാസ് ഇന്ത്യയുടെ സ്പോൺസർമാരാവുക. ഈ വർഷം ജൂണിൽ ആരംഭിക്കുന്ന അഡിഡാസുമായുള്ള കരാർ 2028 ജൂണിലായിരിക്കും അവസാനിക്കുക. എം പി എല്ലിന് മുൻപ് 2016 മുതൽ 2020 വരെ മറ്റൊരു ഗ്ലോബൽ ബ്രാൻഡായ Nike ആയിരുന്നു ഇന്ത്യയുടെ സ്പോൺസർമാർ.

അതിനിടെ ബൈജൂസുമായുള്ള കരാർ അടുത്ത മാസത്തോടെ അവസാനിക്കുകയാണ്. പുതിയ സ്പോൺസർ ഏത് കമ്പനിയായിരിക്കുമെന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ബൈജൂസിന് മുൻപ് ചൈനീസ് മൊബൈൽ കമ്പനിയായിരുന്നു ഓപ്പോയായിരുന്നു ഇന്ത്യൻ ടീമിൻ്റെ സ്പോൺസർമാർ. അഡിഡാസ് പോലെ മറ്റൊരു വമ്പൻ ബ്രാൻഡ് തന്നെയായിരിക്കും ബൈജൂസിന് പകരമെത്തുക.

ബൈജൂസ്, എം പി എൽ പോലെയുള്ള സ്റ്റാർട്ടപ്പുകളുമായുള്ള കരാർ ബിസിസിഐയ്ക്ക് തിരിച്ചടി നൽകിയിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുൻപേ തന്നെ കരാറിൽ നിന്നും പിന്മാറുന്ന അവസ്ഥ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഗ്ലോബൽ ബ്രാൻഡുകളെ തന്നെ ബിസിസിഐ തേടുന്നത്. ആഭ്യന്തര പരമ്പരകളുടെ സ്പോൺസർഷിപ്പിൽ നിന്നും Paytm പിന്മാറിയതോടെ ഗ്ലോബൽ ബ്രാൻഡായ Master Card മായി ബിസിസിഐ കരാറിൽ ഏർപ്പെട്ടിരുന്നു.