Skip to content

ഹിന്ദി എനിക്കറിയാം. ഇന്ത്യയുടെ സീക്രട്ട് പ്ലാൻ പൊളിച്ച് ഉസ്മാൻ ഖവാജ. വീഡിയോ

ഹിന്ദിയിലൂടെയും മറ്റു പ്രാദേശിക ഭാഷകളിലൂടെയും സന്ദേശം കൈമാറി എതിരാളികളെ കുഴപ്പിക്കുന്നത് ഇന്ത്യൻ ടീം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. എന്നാൽ ഡൽഹി ടെസ്റ്റിൽ ഇന്ത്യയുടെ ആ തന്ത്രം ചെറുതായി പാളിയിരിക്കുകയാണ്. അത് പൊളിച്ചത് മറ്റാരുമല്ല ഓസ്ട്രേലിയയുടെ ഓപ്പണർ ഉസ്മാൻ ഖവാജ.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിൽ ഖവാജയ്ക്കെതിരെ അശ്വിൻ ബൗൾ ചെയ്യവെ സ്ലിപ്പിൽ നിന്നിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഹിന്ദിയിൽ രവിചന്ദ്രൻ അശ്വിന് നിർദ്ദേശം നൽകുകയായിരുന്നു. നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് തനിക്ക് സംഭവിച്ച അമളി കോഹ്ലി മനസ്സിലാക്കിയത്. പാക് വംശജനായ ഖവാജയ്ക്ക് ഹിന്ദി അറിയാമെന്ന കാര്യം മറന്നുകൊണ്ടായിരുന്നു കോഹ്ലി ഈ നിർദ്ദേശം നൽകിയത്. അമളി മനസ്സിലായ കോഹ്ലി പിന്നാലെ പൊട്ടിചിരിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനമാണ് ഖവാജ കാഴ്ച്ചവെച്ചത്. 125 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 81 റൺസ് നേടിയാണ് ഉസ്മാൻ ഖവാജ പുറത്തായത്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ ടോപ്പ് സ്കോററും ഖവാജയായിരുന്നു. 142 പന്തിൽ 72 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബാണ് ഉസ്മാൻ ഖവാജയെ കൂടാതെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 263 റൺസ് നേടിയാണ് ഓസ്ട്രേലിയ പുറത്തായത്. മറുപടി ബാറ്റിങിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസ് നേടിയിട്ടുണ്ട്.