Skip to content

ഡേവിഡ് വാർണർ പുറത്ത്. പകരക്കാരനായി റെൻഷോ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ നിന്നും ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പുറത്ത്. ഇടംകയ്യൻ ബാറ്റ്സ്മാൻ മാറ്റ് റെൻഷോ പകരക്കാരനായി മത്സരത്തിൽ കളിക്കും.

ആദ്യ ഇന്നിങ്സിൽ 44 പന്തിൽ 15 റൺസ് നേടിയാണ് വാർണർ പുറത്തായത്. അതിന് മുൻപേ മൊഹമ്മദ് സിറാജിൻ്റെ ബൗൺസർ ഹെൽമറ്റിൽ കൊണ്ട് വാർണർക്ക് പരിക്ക് പറ്റിയിരുന്നു. ഐസിസിയുടെ നിയമപ്രകാരം തലയിൽ പരിക്കേറ്റാൽ പകരക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് സാധിക്കും. ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയ ടെസ്റ്റിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കുന്നത്. ഇതിന് മുൻപ് 2019 ൽ നടന്ന ആഷസ് പരമ്പരയിൽ സ്മിത്തിന് പകരക്കാരനായി മാർനസ് ലാബുഷെയ്ൻ കളിക്കാനിറങ്ങിയിരുന്നു.

ആദ്യ മത്സരത്തിൽ ടീമിലുണ്ടായിരുന്ന റെൻഷോയെ ട്രാവിസ് ഹെഡിന് വേണ്ടിയാണ് ഓസ്ട്രേലിയ ടീമിൽ നിന്നും ഒഴിവാക്കിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 263 റൺസ് നേടിയിരുന്നു. 81 റൺസ് നേടിയ ഉസ്മാൻ ഖവാജ, 72 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. രണ്ടാം ദിനം 21/0 എന്ന നിലയിലായിരിക്കും ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുക.