Skip to content

ഒറ്റയാൾ പോരാട്ടത്തിലൂടെ ന്യൂസിലൻഡിനെ രക്ഷിച്ച് ടോം ബ്ലൻഡൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ന്യൂസിലൻഡിൻ്റെ രക്ഷകനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ബ്ലൻഡൽ. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ തകർപ്പൻ സെഞ്ചുറി നേടിയ താരം വമ്പൻ ലീഡ് വഴങ്ങുന്നതിൽ നിന്നും ന്യൂസിലൻഡിനെ രക്ഷിച്ചു.

താരത്തിൻ്റെ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 306 റൺസ് ന്യൂസിലൻഡ്. 19 റൺസിൻ്റെ ലീഡ് മാത്രമാണ് ന്യൂസിലൻഡ് വഴങ്ങിയത്. ആറാമനായി ക്രീസിലെത്തിയ താരം 181 പന്തിൽ 19 ഫോറും ഒരു സിക്സും ഉൾപ്പടെ 138 റൺസ് അടിച്ചുകൂട്ടി. 151 പന്തിൽ 77 റൺസ് നേടിയ ഡെവൻ കോൺവേ മാത്രമാണ് ബ്ലൻഡലിനെ കൂടാതെ ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ടോം ബ്ലൻഡൽ നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ നാല് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും സ്റ്റുവർട്ട് ബ്രോഡ്, ബെൻ സ്റ്റോക്സ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തിരുന്നു. 58.2 ഓവറുകൾ മാത്രമാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്തത്.