പഴയ ഓസ്ട്രേലിയയാകൂ. സന്ദർശകർക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന് മുൻപായി ഓസ്ട്രേലിയൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇന്ത്യൻ താരങ്ങളുമായുള്ള ചങ്ങാത്തം മാറ്റിവെച്ചുകൊണ്ട് പഴയ ഓസ്ട്രേലിയയെ പോലെ കളിക്കണമെന്ന് രവി ശാസ്ത്രി നിർദ്ദേശിച്ചു.

നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. ആ മത്സരത്തിലെ സമീപനം ഓസ്ട്രേലിയയിൽ നിന്നും പ്രതീക്ഷിച്ചില്ലയെന്നും അത് ലോകത്തെ മുൻപ് വിറപ്പിച്ചിരുന്ന ടീമിന് ചേർന്നതല്ലെന്നും രവി ശാസ്ത്രി പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ അഗ്രസീവായി ഓസ്ട്രേലിയ കളിക്കണമെന്നും തുടക്കത്തിൽ തന്നെ ഇന്ത്യയെ ആക്രമിച്ച് കളിച്ചില്ലെങ്കിൽ പരമ്പര 4-0 ന് ഇന്ത്യ സ്വന്തമാക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.

” ഇന്ത്യ പതിവ് പോലെ അക്ഷീണരായിരിക്കും. അവരുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണ് ഇപ്പോഴുള്ളത്. അത് പേസർമാരായാലും സ്പിന്നർമാരായാലും. മൂന്ന് പേരും ഓൾ റൗണ്ടർമാരായ സ്പിൻ ത്രയം ഇന്ത്യയ്ക്ക് ഇതിനുമുൻപ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഓസ്ട്രേലിയക്ക് എല്ലാം നഷ്ടമായിട്ടില്ല. അതവർ സ്വയം മനസ്സിലാക്കണം. നിങ്ങൾ അത്ര മോശക്കാരല്ലയെന്ന് മനസ്സിലാക്കണം. ശനിയാഴ്ച സംഭവിച്ചത് അതൊരു ദിവസത്തെ അല്ലെങ്കിൽ ഒരു സെഷനിലെ മോശം പ്രകടനം മാത്രമായിരുന്നു. ” രവി ശാസ്ത്രി പറഞ്ഞു.