കിവികളുടെ മുൻനിര തകർത്ത് ആൻഡേഴ്സൺ. ആദ്യ ദിനത്തിൽ ആധിപത്യം പുലർത്തി ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനത്തിൽ ആധിപത്യം പുലർത്തി ഇംഗ്ലണ്ട്. മികച്ച സ്കോർ നേടി ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയരായ ന്യൂസിലൻഡിൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

ആദ്യ ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് നേടിയിട്ടുണ്ട്. 17 റൺസ് നേടിയ കോൺവെയും 4 റൺസ് നേടിയ വാഗ്നറുമാണ് ന്യൂസിലൻഡിന് വേണ്ടി ക്രീസിലുള്ളത്. ഒരു റൺ നേടിയ ടോം ലാതം, 6 റൺസ് നേടിയ കെയ്ൻ വില്യംസൺ, 4 റൺസ് നേടിയ ഹെൻറി നിക്കോൾസ് എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ രണ്ട് വിക്കറ്റും ഒല്ലി റോബിൻസൺ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തിരുന്നു. 81 പന്തിൽ 89 റൺസ് നേടിയ ഹാരി ബ്രൂക്കും 68 പന്തിൽ 84 റൺസ് നേടിയ ബെൻ ഡക്കറ്റുമാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഒല്ലി പോപ്പ് 65 പന്തിൽ 44 റൺസ് നേടിയപ്പോൾ ജോ റൂട്ട് 14 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 19 റൺസും നേടി പുറത്തായി.

ന്യൂസിലൻഡിന് വേണ്ടി നെയിൽ വാഗ്നർ നാല് വിക്കറ്റും ക്യാപ്റ്റൻ ടിം സൗത്തീ, സ്കോട്ട് കുഗെലൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി