Skip to content

ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം ദീപ്തി ശർമ്മ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രറെക്കോർഡ് കുറിച്ച് ഇന്ത്യൻ വനിതാ താരം ദീപ്തി ശർമ്മ. ഐസിസി വനിതാ ലോകകപ്പിൽ വിൻഡീസിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ഈ ചരിത്ര റെക്കോർഡ് ദീപ്തി ശർമ്മ സ്വന്തമാക്കിയത്.

മത്സരത്തിൽ നാലോവറിൽ 15 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ ദീപ്തി ശർമ്മ നേടിയത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 വിക്കറ്റ് താരം പൂർത്തിയാക്കി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപ്തി ശർമ്മ. ഇന്ത്യൻ പുരുഷ താരങ്ങൾക്ക് പോലും ഈ റെക്കോഡ് സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

87 ഇന്നിങ്സിൽ നിന്നുമാണ് ദീപ്തി ശർമ്മ നൂറ് വിക്കറ്റുകൾ പൂർത്തിയാക്കിയിരിക്കുന്നത്. മത്സരത്തിലേക്ക് വരുമ്പോൾ ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ 6 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 119 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയം കൂടിയാണിത്. നേരത്തെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെയും ഇന്ത്യ വിജയം കുറിച്ചിരുന്നു.