Skip to content

വെസ്റ്റിൻഡീസിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 119 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഇന്ത്യക്ക് വേണ്ടി ഷഫാലി വർമ്മ 23 പന്തിൽ 28 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 33 റൺസും നേടി പുറത്തായപ്പോൾ റിച്ച ഗോഷ് 32 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് വെസ്റ്റിൻഡീസിനെ തകർത്തത്. രേണുക സിങ്, പൂജ വസ്ത്രകർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 40 പന്തിൽ 42 റൺസ് നേടിയ സ്റ്റഫാനി ടെയ്‌ലർ മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്.

ഫെബ്രുവരി 18 ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് ഇന്ത്യ പരാജയപെടുത്തിയിരുന്നു.