Skip to content

പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമായി മുനീബ അലി

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടി പാകിസ്ഥാൻ താരം മുനീബ അലി. അയർലൻഡിനെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി മുനീബ അലി നേടിയത്.

അന്താരാഷ്ട്ര ടി20 യിൽ പാകിസ്ഥാന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമാണ് മുനീബ അലി. 68 പന്തിൽ 14 ഫോറടക്കം 102 റൺസ് നേടിയാണ് താരം പുറത്തായത്. മുനീബ അലിയുടെ സെഞ്ചുറി മികവിൽ മത്സരത്തിൽ 70 റൺസിൻ്റെ വമ്പൻ വിജയം പാകിസ്ഥാൻ സ്വന്തമാക്കി. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 166 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 16.3 ഓവറിൽ 95 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഐസിസി വനിതാ ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം താരമാണ് മുനീബ അലി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാന്നിങ്, വിൻഡീസിൻ്റെ ഡിയാഡ്ര ഡോട്ടിൻ, ഇന്ത്യൻ ക്യാപ്റ്റൻ ഹെർമൻപ്രീത് കൗർ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് എന്നിവരാണ് ഇതിന് മുൻപ് ലോകകപ്പിൽ സെഞ്ചുറി നേടിയിട്ടുള്ള മറ്റു താരങ്ങൾ.

ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് പാകിസ്ഥാൻ പരാജയപെട്ടിരുന്നു. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കുറിച്ചുകൊണ്ട് ലോകകപ്പിൽ തകർപ്പൻ തുടക്കം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.