Skip to content

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

തകർപ്പൻ സെഞ്ചുറിയാണ് ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ രോഹിത് ശർമ്മ നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഒമ്പതാം സെഞ്ചുറിയാണ് മത്സരത്തിൽ രോഹിത് ശർമ്മ കുറിച്ചത്. ടെസ്റ്റിൽ ക്യാപ്റ്റനായി രോഹിത് ശർമ്മ നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ മാറി. ക്യാപ്റ്റനായി ഏകദിനത്തിൽ മൂന്ന് സെഞ്ചുറി നേടിയിട്ടുള്ള ഹിറ്റ്മാൻ ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി രണ്ട് സെഞ്ചുറി നേടിയിട്ടുണ്ട്.

മുൻ ശ്രീലങ്കൻ താരം തിലകരത്നേർ ദിൽഷൻ, സൗത്താഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ്, പാക് ക്യാപ്റ്റൻ ബാബർ അസം എന്നിവരാണ് മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായി സെഞ്ചുറി നേടിയിട്ടുള്ള മറ്റ് താരങ്ങൾ.

ഓസ്ട്രേലിയക്കെതിരായ രോഹിത് ശർമ്മയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ 43 ആം സെഞ്ചുറിയാണിത്. ഇതോടെ നിലവിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന നാലാമത്തെ താരമായി രോഹിത് ശർമ്മ മാറി. 74 സെഞ്ചുറി നേടിയ വിരാട് കോഹ്ലി, 45 സെഞ്ചുറി നേടിയ ഡേവിഡ് വാർണർ, 44 സെഞ്ചുറി നേടിയ ജോ റൂട്ട് എന്നിവരാണ് രോഹിത് ശർമ്മയ്ക്ക് മുൻപിലുള്ളത്.