Skip to content

സെഞ്ചുറിയുമായി ഹിറ്റ്മാൻ. ക്രീസിൽ നിലയുറപ്പിച്ച് ജഡേജയും അക്ഷറും ഇന്ത്യ വമ്പൻ ലീഡിലേക്ക്

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിലെ രണ്ടാം ദിനത്തിലും ആധിപത്യം പുലർത്തി ആതിഥേയരായ ഇന്ത്യ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഫിഫ്റ്റി നേടിയ രവീന്ദ്ര ജഡേജയുടെയും അക്ഷർ പട്ടേലിൻ്റെയും മികവിലാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് നേടിയിട്ടുണ്ട്. 66 റൺസ് നേടിയ രവീന്ദ്ര ജഡേജയും 52 റൺസ് നേടിയ അക്ഷർ പട്ടേലുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്.144 റൺസിൻ്റെ ലീഡ് ഇന്ത്യ ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു.

രണ്ടാം ദിനത്തിൽ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചെത്താൻ ശ്രമിച്ചുവെങ്കിലും ഒരു ഭാഗത്ത് രോഹിത് ശർമ്മ നിലയയുറപ്പിച്ചതോടെയാണ് ഇന്ത്യ മികച്ച ലീഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഒമ്പതാം സെഞ്ചുറി കുറിച്ച രോഹിത് ശർമ്മ 212 പന്തിൽ 15 ഫോറും 2 സിക്സും ഉൾപ്പടെ 120 റൺസ് നേടിയാണ് പുറത്തായത്. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ഒടുവിൽ രോഹിത് ശർമ്മയെ പുറത്താക്കിയത്.

രവിചന്ദ്രൻ അശ്വിൻ 23 റൺസ് നേടി പുറത്തായപ്പോൾ പിന്നീട് ക്രീസിലെത്തിയ പുജാരയ്ക്കും വിരാട് കോഹ്ലിയ്ക്കും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാൻ സാധിച്ചില്ല. പുജാര 7 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലിയ്ക്ക് 12 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. അരങ്ങേറ്റക്കാരായ സൂര്യകുമാർ യാദവും കെ എസ് ഭരതും എട്ട് റൺസ് മാത്രം നേടി പുറത്തായി.

ഓസ്ട്രേലയക്ക് വേണ്ടി അരങ്ങേറ്റക്കാരൻ ടോഡ് മർഫി അഞ്ച് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 177 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്.