Skip to content

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി സൂര്യകുമാർ യാദവ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ അരങ്ങേറ്റത്തിനായി നീണ്ട കാലം കാത്തിരിക്കേണ്ടി വന്ന താരത്തിന് അരങ്ങേറ്റത്തിന് ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.

മുപ്പതാം വയസ്സിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റർ കൂടിയാണ് സൂര്യകുമാർ യാദവ്. 2021 മാർച്ചിലായിരുന്നു ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി സൂര്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മൂന്ന് മാസങ്ങൾക്ക് ഏകദിന ക്രിക്കറ്റിലും താരം അരങ്ങേറ്റം കുറിച്ചു.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ മികച്ച പ്രകടനം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചിട്ടുണ്ട്. 79 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 44.75 ശരാശരിയിൽ 14 സെഞ്ചുറിയും 28 ഫിഫ്റ്റിയും അടക്കം 5549 റൺസ് നേടിയിട്ടുണ്ട്.

സൂര്യകുമാർ യാദവിനൊപ്പം വിക്കറ്റ് കീപ്പർ കെ എസ് ഭരതും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു. റിഷഭ് പന്തിൻ്റെ അഭാവത്തിൽ വേഗത്തിൽ റൺസ് കണ്ടെത്തുകയെന്ന ദൗത്യം ഒരുപക്ഷേ ഇന്ത്യ സൂര്യകുമാർ യാദവിനെ ഏൽപ്പിച്ചേക്കും.