Skip to content

ലെബുഷെയ്നെ വട്ടംകറക്കി അശ്വിന്റെ മാന്ത്രിക സ്പിൻ! പിന്നാലെ സ്ലെഡ്ജിങ്ങും – വീഡിയോ

ബോർഡർ-ഗാവസ്‌കർ സീരീസിലെ ആദ്യ മത്സരത്തിൽ തുടക്കത്തിലേ തകർച്ചയ്ക്ക് പിന്നാലെ കരകയറി ഓസ്‌ട്രേലിയ. 2 റൺസിൽ നിൽക്കെ 2 വിക്കറ്റ് വീണ ഓസ്‌ട്രേലിയയെ മൂന്നാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടുമായി സ്മിത്തും ലെബുഷെയ്നും രക്ഷകരായി. ആദ്യ ദിനം ലഞ്ചിന് പിരിഞ്ഞപ്പോൾ ഓസ്‌ട്രേലിയ 2ന് 76 എന്ന നിലയിലാണ്.

രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഖവാജയെ പുറത്താക്കി സിറാജാണ് ഇന്ത്യയ്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നാലെ തൊട്ടടുത്ത ഓവറിൽ ഷമിയും വിക്കറ്റ് വീഴ്ത്തി. വാർണറെ ബൗൾഡാക്കി മടക്കുകയായിരുന്നു. ഇരുവരും 1 റൺസ് മാത്രമാണ് നേടിയത്. ഇനിയും വിക്കറ്റ് വീഴുമെന്ന് കരുതിയ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടായിരുന്നു സ്മിത്തും ലെബുഷെയ്നും ജാഗ്രതയോടെ നീങ്ങിയത്.

110 പന്തിൽ 47 റൺസ് നേടിയ ലെബുഷെയ്നാണ് ഓസ്‌ട്രേലിയൻ സ്‌കോർ വേഗത്തിലാക്കിയത്. മറുവശത്ത് സ്മിത്ത് 74 പന്തിൽ 19 റൺസ് നേടി തുടരുന്നു. മത്സരത്തിന്റെ 22ആം ഓവറിൽ ക്രീസിൽ ഉണ്ടായിരുന്ന ലെബുഷെയ്നെ അശ്വിൻ വട്ടംകറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അശ്വിന്റെ പന്ത് എങ്ങോട്ട് തിരിയുമെന്ന് മനസ്സിലാക്കാനാവാതെ ബുദ്ധിമുട്ടുന്ന ലെബുഷെയ്നെ വീഡിയോയിൽ കാണാം. പിന്നാലെ വിരൽ കൊണ്ട് തിരയുന്നതിന്റെ ആംഗ്യം കാണിച്ച് ലെബുഷെയ്നെ അശ്വിൻ സ്ലെഡ്‌ജ്‌ ചെയ്യുന്നുമുണ്ട്.