Skip to content

നാഗ്പൂരിൽ കാണികൾ നിറയും !! ആദ്യ ദിനത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞു

ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റിൻ്റെ ജനപ്രീതി കുറയുകയാണെന്ന് വിമർശിച്ച മുൻ ഇംഗ്ലീഷ് താരം ഇയാൻ ബോതത്തിന് മറുപടി നൽകി നാഗ്പൂരിലെ കാണികൾ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിലെ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞുകഴിഞ്ഞു.

40000 ത്തിൽപരം ടിക്കറ്റുകൾ സ്റ്റേഡിയത്തിൽ ഇതിനോടകം വിറ്റഴിഞ്ഞുകഴിഞ്ഞു. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിദർഭ ക്രിക്കറ്റ് അസോസിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയത്തിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്. അത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലായതോടെ ആരാധകരുടെ ആവേശം പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017 ൽ ഇതേ വേദിയിൽ നടന്ന ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് മത്സരത്തിൽ ആദ്യ ധിനം 39000 ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. ഇന്ത്യക്കാർക്ക് മാത്രം മതിയെന്ന് പറയുന്ന വിദേശ വിദഗ്ദർക്കുള്ള മറുപടി കൂടിയാണ് നാഗ്പൂർ ടെസ്റ്റിലെ ഈ ആവേശം സമ്മാനിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തോട് സംസാരിക്കവെയാണ് ഇന്ത്യയ്ക്കാർക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് ഇഷ്ടമില്ലെന്ന് ഇയാൻ ബോതം തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കാർക്ക് ഐ പി എൽ മാത്രം മതിയെന്നും ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപെടുന്നത് ഇംഗ്ലണ്ടിലുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപെട്ടിരുന്നു.

മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇരുടീമുകളുടെയും പ്ലേയിങ് ഇലവൻ ഇതുവരെയും വ്യക്തമായിട്ടില്ല. നിരവധി സർപ്രൈസുകൾ ഇരുടീമുകളുടെ പ്ലേയിങ് ഇലവനിൽ കാണാനാകും.