Skip to content

ഇന്ത്യ ചെയ്തത് ചതിയോ ? ആരോപണങ്ങൾക്ക് സച്ചിൻ ടെണ്ടുൽക്കറുടെ മറുപടി

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്ന നാഗ്പൂർ പിച്ചിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് തകർപ്പൻ മറുപടി നൽകി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്ററായാൽ ഏത് സാഹചര്യങ്ങളിലും കളിക്കാൻ തയ്യാറായിരിക്കണമെന്ന് പറഞ്ഞ സച്ചിൻ ഓസ്ട്രേലിയയിലേക്ക് തങ്ങൾ പോകുമ്പോൾ നേരിട്ടിട്ടുള്ള വെല്ലുവിളികളെ കുറിച്ചും തുറന്നുപറഞ്ഞു.

” നിങ്ങളൊരു അന്താരാഷ്ട്ര ക്രിക്കറ്ററാകുമ്പോൾ ലോകത്തിലെ ഏത് തരം പിച്ചിലും കളിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. വിദേശങ്ങളിൽ പര്യടനം നടത്തുമ്പോൾ നേരിടേണ്ട വെല്ലുവിളികൾ ആണത്. ഞങ്ങൾ ഓസ്ട്രേലിയയിലേക്ക് പോകുമ്പോൾ അവിടെ ടേണറുകൾ പ്രതീക്ഷിക്കുന്നില്ല. അവിടുത്തെ പിച്ചുകൾ ബൗൺസും പേസും നിറഞ്ഞതാണെന്ന് ഞങ്ങൾക്ക് അറിയാം. ”

” ഓസ്ട്രേലിയൻ ടീം ഇന്ത്യയിലേക്ക് വരുമ്പോഴുള്ള കാര്യവും ഇതുതന്നെയാണ്. ഇവിടുത്തെ പിച്ചുകളിൽ ടേൺ ഉണ്ടാവുമെന്നും പിച്ച് മന്ദഗതിയിൽ ഉള്ളതാകുമെന്നും അവർക്കറിയാം. അവർ അതിനായി തയ്യാറാണ്. എസ് ജി പന്തുകൾ ഉപയോഗിച്ച് അവർ പരിശീലനം നടത്തി. പുറത്തുള്ളവർ ചിന്തിക്കുന്നത് പോലെയായിരിക്കില്ല ടീം ചിന്തിക്കുന്നത്. അവർ അവരുടെ കഴിവിന് അനുസരിച്ച് ആ വെല്ലുവിളി നേരിടാൻ തയ്യാറായിരിക്കും. ” സച്ചിൻ പറഞ്ഞു.

” ഓസ്ട്രേലിയ വെല്ലുവിളി നേരിടുവാൻ തയ്യാറാണ് വന്നിരിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. ” സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോഹ്ലി കളിച്ച രീതി താനേറെ ആസ്വദിച്ചുവെന്നും കോഹ്ലിയും ഓസ്ട്രേലിയൻ സ്‌പിന്നർ നേതൻ ലയണും തമ്മിലുള്ള പോരാട്ടം കാണുവാൻ താൻ കാത്തിരിക്കുകയാണെന്നും ഇത്തരം പോരാട്ടങ്ങൾ ലോക ക്രിക്കറ്റിന് ആവശ്യമാണെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.