Skip to content

ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നിലവിലെ പാക് ക്യാപ്റ്റൻ ബാബർ അസമും പേസർ ഷഹീൻ അഫ്രീദിയും ലീഗിലെ ഏറ്റവും വിലയേറിയ താരങ്ങൾ ആകുമായിരുന്നുവെന്ന് മുൻ പാക് ക്രിക്കറ്റർ തൻവീർ അഹമ്മദ്. ഇന്ത്യൻ കാണികൾക്ക് പാകിസ്ഥാൻ കളിക്കാരെ ഇഷ്ടമാണെന്നും രാഷ്ട്രീയ കാരണങ്ങൾ ഒന്നുകൊണ്ട് മാത്രമാണ് അവർക്ക് കളിക്കാൻ സാധിക്കാത്തതെന്നും തൻവീർ അഹമ്മദ് പറഞ്ഞു.

” പാകിസ്ഥാൻ കളിക്കാർ ഐ പി എല്ലിൽ ഉണ്ടെങ്കിൽ പിന്നെ എല്ലാവരുടെയും ശ്രദ്ധ അവരുടെ മേലെയായിരിക്കും. അവർക്ക് പാകിസ്ഥാൻ കളിക്കാരെ ഇഷ്ടമാണ്, അവരെ കാണുവാനും അവർ ആഗ്രഹിക്കുന്നു. പക്ഷേ രാഷ്ട്രീയം മൂലം പാക് താരങ്ങൾക്ക് ഐ പി എല്ലിൽ കളിക്കാനാകുന്നില്ല. ”

” ബാബർ, ഷഹീൻ, റിസ്വാൻ ഇവർ മൂന്ന് പേർ ലേലത്തിനുണ്ടെങ്കിൽ മൂന്ന് പേരും വലിയ വില നേടും. അതിലൊരാൾ ഏറ്റവും വിലയേറിയ താരമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഒരുപക്ഷേ റിസ്വാൻ ആയിരിക്കില്ല. പക്ഷേ ബാബർ അല്ലെങ്കിൽ ഷഹീൻ ഇവരിൽ ഒരാൾ തീർച്ചയായും വിലയേറിയ താരമാകും. ” തൻവീർ അഹമ്മദ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആദ്യ സീസണിൽ മാത്രമാണ് പാകിസ്ഥാൻ താരങ്ങൾ ഐ പി എല്ലിൽ കളിച്ചത്. അന്ന് അക്തർ, അഫ്രീദി, ഷോയിബ് മാലിക്ക് അടക്കമുള്ളവർ ഐ പി എല്ലിൽ കളിച്ചിരുന്നു.