Skip to content

തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

ഇന്ത്യൻ ടീമിൽ സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു നേരിട്ട അവഗണനകളെ കുറിച്ച് റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞത്.

വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും പിന്നീട് സഞ്ജുവിന് അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. 2015 ൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഈ എട്ട് വർഷം കൊണ്ട് 11 ഏകദിന മത്സരങ്ങളിലും 17 ടി20 മത്സരങ്ങളിലും മാത്രമാണ് ഇന്ത്യ അവസരം നല്കിയത്. ഈ വർഷം ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചുവെങ്കിലും പിന്നീട് പരിക്ക് മൂലം സഞ്ജു പുറത്താവുകയായിരുന്നു. ഇനി ടി20 പരമ്പരകൾ ഇല്ലാത്തതിനാൽ സഞ്ജു ഐ പി എല്ലിലൂടെയായിരിക്കും കളിക്കളത്തിൽ തിരിച്ചെത്തുക.

” സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടതുണ്ട്. അതിൽ യാതൊരു ചോദ്യവും വേണ്ട. ഒരുപാട് കഴിവുകൾ ക്വാളിറ്റി പ്ലേയറാണ് സഞ്ജു. പക്ഷേ അവന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. മൂന്നാമനായാണ് ഇറക്കുന്നതെങ്കിൽ തുടർച്ചയായ അഞ്ച് അവസരമെങ്കിലും അവന് നൽകി നോക്കൂ. അഞ്ചാമനായാലും അവന് തുടർച്ചയായ അവസരങ്ങൾ നൽകണം. “

” രണ്ടോ മൂന്നോ തുടർച്ചയായ പരമ്പരകളിൽ മുഴുവൻ മത്സരങ്ങളിലും അവനെ കളിപ്പിച്ചുനോക്കൂ. എന്നിട്ടും അവൻ നിരാശപെടുത്തിയാൽ അവനെ നിങ്ങൾക്ക് കുറ്റപെടുത്താം. ഒരു മത്സരത്തിൽ അവസരം നൽകി പിന്നീട് ഡ്രോപ്പ് ചെയ്തുകൊണ്ട് അവൻ നന്നായി കളിച്ചില്ലയെന്ന് പറയുന്നത് ശരിയല്ല. അത് തെറ്റായ സന്ദേശമാണ് നൽകുക. ഇന്ത്യൻ ടീമിലെത്തുകയെന്നത് എളുപ്പമല്ല. പക്ഷേ സഞ്ജുവിന് അർഹിക്കുന്ന അവസരങ്ങൾ ലഭിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ” റോബിൻ ഉത്തപ്പ പറഞ്ഞു.