Skip to content

ഇന്ത്യ വളരുന്നതോടെ ഐ പി എൽ ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും !! മുൻ ഇംഗ്ലണ്ട് താരം

ഭാവിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് ലീഗായി മാറുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരുന്നതിനൊപ്പം ഐ പി എല്ലും വളരുമെന്നും 2040 ൽ ഐ പി എല്ലിൻ്റെ മൂല്യം ആറ് മടങ്ങായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മീഡിയ റൈറ്റ്സിൻ്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്പോർട്ട്സ് ലീഗാണ് ഐ പി എൽ. ഐ പി എല്ലിൽ ഒരു മത്സരത്തിൻ്റെ മൂല്യം 108 കോടി രൂപയാണ്. ഒരു മത്സരത്തിന് 140 കോടി മൂല്യമുള്ള അമേരിക്കൻ ലീഗായ NFL മാത്രമാണ് ഐ പി എല്ലിന് മുൻപിലുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൻ്റെ മൂല്യം 90 കോടി രൂപയാണ്.

” ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുകയാണ്. 2040 ൽ ഇത് അമേരിക്കയുടേതിന് തുല്യമാകുമ്പോൾ ഐ പി എല്ലിൻ്റെ മൂല്യം ആറിരട്ടിയാകാൻ സാധ്യതയുണ്ട്. അതോടെ ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര സ്പോർട്ട്സ് ലീഗായി ഐ പി എൽ മാറും. ” അദ്ദേഹം പറഞ്ഞു.

ഫ്രഞ്ചൈസി ക്രിക്കറ്റ് മഹത്തരമായ ഒന്നാണെന്നും ക്രിക്കറ്റ് കൂടുതൽ ആസ്വാദ്യകരമാക്കുവാനും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകളിലേക്ക് ക്രിക്കറ്റിനെ എത്തിക്കുവാനും ഐ പി എൽ പോലുള്ള ഫ്രാഞ്ചൈസി ലീഗുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.