ആദ്യ ടെസ്റ്റിൽ അവനെ ഉൾപ്പെടുത്തണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ദിനേശ് കാർത്തിക്

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ദിനേശ് കാർത്തിക്. അയ്യരുടെ അസാന്നിധ്യത്തിൽ ഗില്ലിനും സൂര്യകുമാർ യാദവിനും വഴിതെളിഞ്ഞിരിക്കുകയാണ്.

എന്നാൽ ഗില്ലിനേക്കാൾ മുൻഗണന സൂര്യകുമാർ യാദവിന് നൽകണമെന്ന് നിർദ്ദേശിച്ച ദിനേശ് കാർത്തിക് തൻ്റെ നിർദേശത്തിന് പിന്നിലെ കാരണവും വിശദീകരിച്ചു.

” ശ്രേയസ് അയ്യരില്ലെങ്കിൽ പകരക്കാരനാവുക സൂര്യകുമാർ യാദവോ ശുഭ്മാൻ ഗില്ലോ ആയിരിക്കും. വ്യക്തിപരമായി സൂര്യകുമാർ യാദവ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അവൻ സ്പിന്നിനെ നന്നായി നേരിടുന്ന കളിക്കാരനാണ്. സ്‌പിന്നിനെ പിൻതുണയ്ക്കുന്ന രസകരമായ പിച്ചുകളിലായിരിക്കും നമ്മൾ കളിക്കുക. അവന് അവസരം നൽകണം. അവൻ തകർപ്പൻ ഫോമിലാണ്. ” ദിനേശ് കാർത്തിക് പറഞ്ഞു.

ശുഭ്മാൻ ഗില്ലും മികച്ച ഫോമിലാണെങ്കിൽ കൂടിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും കെ എൽ രാഹുലുമായിരിക്കും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുകയെന്നും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ തിളങ്ങിയില്ലെങ്കിൽ കൂടിയും ഇംഗ്ലണ്ടിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്തതിൻ്റെ പരിചയസമ്പത്ത് കെ എൽ രാഹുലിനുണ്ടെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ;

രോഹിത് ശർമ്മ (c), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എസ് ഭരത് (wk), ഇഷാൻ കിഷൻ (wk), ആർ. അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, സൂര്യകുമാർ യാദവ്