Skip to content

പരാജയം അറിയാതെ തുടർച്ചയായ 25 പരമ്പരകൾ !! പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ വമ്പൻ വിജയം കുറിച്ചുകൊണ്ട് ടി20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഈ പരമ്പരയും വിജയത്തോടെ സ്വന്തം നാട്ടിൽ മറ്റൊരു റെക്കോർഡ് കൂടെ കുറിച്ചിരിക്കുകയാണ് ഇന്ത്യ.

ഹോമിൽ പരാജയം അറിയാതെയുള്ള ഇന്ത്യയുടെ തുടർച്ചയായ ഇരുപത്തിയഞ്ചാം പരമ്പരയാണിത്. ഇതിൽ 23 പരമ്പരകളിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. ഇതിന് മുൻപ് 2019 ൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ സ്വന്തം നാട്ടിൽ അവസാനമായി ഒരു പരമ്പര പരാജയപെട്ടത്. ഇതിന് മുൻപ് 1988 മുതൽ 1998 വരെ ഹോമിൽ തുടർച്ചയായി 24 പരമ്പരകളിൽ ഇന്ത്യ പരാജയം അറിയാതെ കളിച്ചിരുന്നു.

അഹമ്മദാബാദിൽ നടന്ന മൂന്നാം മത്സരത്തിൽ 168 റൺസിൻ്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 12.1 ഓവറിൽ 66 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയും ഏകദിന പരമ്പരയും ഹോം സീസണിൽ ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്ന പരമ്പരകൾ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്.

ഹോമിലെ ഈ മേധാവിത്വം വരുന്ന ഏകദിന ലോകകപ്പിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നൽകുന്നത്. പൂർണമായും ഇന്ത്യയിൽ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്.