Skip to content

6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ജോഫ്രാ ആർച്ചറുടെ ബൗളിങ് മികവിലാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് കുറിച്ചത്. പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിലെ തോൽവി സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി.

മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 347 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 287 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 9.1 ഓവറിൽ 40 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആർച്ചറാണ് സൗത്താഫ്രിക്കയെ തകർത്തത്. ആദിൽ റഷീദ് മൂന്ന് വിക്കറ്റും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടി.

62 പന്തിൽ 80 റൺസ് നേടിയ ക്ലാസനും 52 റൺസ് നേടിയ ഹെൻഡ്രിക്സും മാത്രമേ സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയുള്ളൂ. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 131 റൺസ് നേടിയ ജോസ് ബട്ട്ലർ, 118 റൺസ് നേടിയ ഡേവിഡ് മലാൻ എന്നിവരുടെ മികവിലാണ് 50 ഓവറിൽ 7 വിക്കറ്റിന് 346 റൺസ് നേടിയത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻകീഡി നാല് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിലെ തോൽവിയോടെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുവാനുള്ള സൗത്താഫ്രിക്കയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. നിലവിൽ യോഗ്യത നിർണയിക്കുന്ന ഏകദിന സൂപ്പർ ലീഗിൽ വിൻഡീസിന് പുറകിൽ ഒമ്പതാം സ്ഥാനത്താണ് സൗത്താഫ്രിക്കയുള്ളത്.

ആതിഥേയരായ ഇന്ത്യ അടക്കം ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളായിരിക്കും ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. ഇനി നെതർലൻഡ്സിനെതിരായ രണ്ട് ഏകദിനങ്ങൾ മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് ശേഷിക്കുന്നത്. ഇതിൽ രണ്ടിലും വിജയിച്ചാലും ന്യൂസിലൻഡും ശ്രീലങ്കയും തമ്മിൽ നടക്കുന്ന പരമ്പരയിൽ ശ്രീലങ്ക 3-0 ന് വിജയിച്ചാൽ സൗത്താഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കില്ല.