Skip to content

അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഹാർദിക്ക് പാണ്ഡ്യയുടെയും കൂട്ടരുടെയും വിജയം. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 12.1 ഓവറിൽ 66 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 234 റൺസ് നേടിയിരുന്നു. അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലായിരുന്നു ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 63 പന്തിൽ 12 ഫോറും 7 സിക്സും ഉൾപ്പടെ 126 റൺസ് ഗിൽ നേടി. ഗില്ലിനൊപ്പം 22 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 44 റൺസ് നേടിയ രാഹുൽ ത്രിപാതിയും ഇന്ത്യയ്ക്കായി മികവ് പുലർത്തി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0 ന് തൂത്തുവാരിയിരുന്നു.