Skip to content

ആദ്യ ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത് !! സൂര്യകുമാർ യാദവിന് സുവർണാവസരം

ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ടീമിലെ സ്റ്റാർ ബാറ്റ്സ്മാൻ ശ്രേയസ് അയ്യരിന് നാഗ്പൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടമായേക്കും. ബാക്ക് ഇഞ്ചുറിയെ തുടർന്ന് ന്യൂസിലൻഡിനെതിരായ പരമ്പരകളിൽ നിന്നും പുറത്തായ അയ്യർക്ക് ഫിറ്റ്നസ് തെളിയിക്കുവാൻ ഇതുവരെ സാധിച്ചിട്ടില്ല.

പ്രതീക്ഷ സമയത്തിനുള്ളിൽ പരിക്കിൽ നിന്നും മുക്തനാകുവാൻ അയ്യർക്ക് സാധിച്ചിട്ടില്ല. കളിക്കളത്തിൽ തിരിച്ചെത്തുവാൻ ഇനിയും രണ്ടാഴ്ച അയ്യർക്ക് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ പരമ്പരയിലെ രണ്ടാം ടെസ്റ്റിലും താരം കളിക്കുന്ന കാര്യം സംശയമാണ്.

ശ്രേയസ് അയ്യർക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകുന്നതോടെ സൂര്യകുമാർ യാദവ് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചേക്കും. അതിനിടെ പരിക്കിൽ നിന്നും മുക്തനായി മാച്ച് ഫിറ്റ്നസ് തെളിയിച്ച രവീന്ദ്ര ജഡേജ ആദ്യ ടെസ്റ്റിന് മുൻപായി ടീമിനൊപ്പം ചേരും. രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച ജഡേജ തമിഴ്നാടിനെതിരെ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ജഡേജയ്ക്കൊപ്പം കെ എൽ രാഹുൽ, അക്ഷർ പട്ടേൽ എന്നിവരും ടീമിൽ തിരിച്ചെത്തും.

അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവരിൽ ആരായിരിക്കും പ്ലേയിങ് ഇലവനിൽ ഇടം നേടുകയെന്നത് കണ്ടുതന്നെയറിയണം.