Skip to content

വിസ വൈകുന്നു !! തൻ്റെ പരിഭവം തുറന്നുപറഞ്ഞ് ഉസ്മാൻ ഖവാജ

ഇന്ത്യയിലേക്കുള്ള തൻ്റെ വിസ വൈകിയതിനെ തുടർന്ന് ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കായി ടീമിനൊപ്പം സഞ്ചരിക്കാനാകാതെ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. മറ്റു താരങ്ങൾ പരമ്പരയ്ക്കായി ഇന്ത്യയിൽ എത്തിയെങ്കിലും ഖവാജ ഇപ്പോഴും സിഡ്നിയിൽ തുടരുകയാണ്.

വിസ തക്കസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് താരത്തിൻ്റെ യാത്ര വൈകുന്നു. ഇതിന് പിന്നാലെ പരിഭവം പങ്കുവെച്ചുകൊണ്ട് പാകിസ്ഥാൻ വംശജനായ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. വിസ ഇന്ന് വരുമെന്നും നാളെ തന്നെ ഖവാജ ഇന്ത്യയിലേക്ക് തിരിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം തകർപ്പൻ പ്രകടനമാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കായി കാഴ്ച്ചവെച്ചത്. 78.46 ശരാശരിയിൽ 1020 റൺസ് താരം കഴിഞ്ഞ വർഷം നേടിയിരുന്നു. ഈ പ്രകടനത്തിൻ്റെ മികവിൽ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അവാർഡും ഉസ്മാൻ ഖവാജയെ തേടിയെത്തി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് ആരംഭിക്കുന്നത്. ഡൽഹി, ധർമ്മശാല, അഹമ്മദാബാദ് എന്നീ വേദികളിലായാണ് പരമ്പരയിലെ മറ്റു മത്സരങ്ങൾ നടക്കുന്നത്. മാർച്ച് 17 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.