Skip to content

രഹാനെ ഇംഗ്ലണ്ടിലേക്ക് !! കൗണ്ടി ടീമുമായി കരാറിൽ ഏർപ്പെട്ട് ഇന്ത്യൻ സീനിയർ താരം

ചേതേശ്വർ പുജാരയ്ക്ക് പുറകെ അജിങ്ക്യ രഹാനെയും കൗണ്ടിയിൽ കളിക്കാനൊരുങ്ങുന്നു. ഈ സീസണിൽ ലെസ്റ്റർഷെയറുമായി അജിങ്ക്യ രഹാനെ കരാറിൽ ഏർപ്പെട്ടു. ടീമിനായി എട്ട് ടെസ്റ്റ് മത്സരങ്ങളും ഒപ്പം ഏകദിന കപ്പിലെ മുഴുവൻ മത്സരങ്ങളിലും ഇന്ത്യൻ സീനിയർ താരം കളിക്കും.

സോഷ്യൽ മീഡിയയിലൂടെ ലെസ്റ്റർഷെയർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ് രഹാനെയും ലക്ഷ്യമിടുന്നത്. നേരത്തെ ടീമിൽ നിന്നും ഒഴിവാക്കപെട്ട പുജാര കൗണ്ടിയിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്.

രഞ്ജി ട്രോഫിയിൽ മികച്ച പ്രകടമായിരുന്നു മുംബൈ ക്യാപ്റ്റൻ കൂടിയായ രഹാനെ കാഴ്ച്ചവെച്ചത്. സീസണിൽ 11 ഇന്നിങ്സിൽ നിന്നും 57.63 ശരാശരിയിൽ രണ്ട് സെഞ്ചുറി ഉൾപ്പടെ 664 റൺസ് രഹാനെ നേടിയിരുന്നു. വരുന്ന ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് രഹാനെ കളിക്കുക. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായ രഹാനെയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ തിരിച്ചെത്തിച്ചത്.