Skip to content

അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമി പോരാട്ടത്തിൽ 8 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രഥമ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 108 റൺസിൻ്റെ വിജയലക്ഷ്യം 14.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 45 പന്തിൽ പുറത്താകാതെ 61 റൺസ് നേടിയ ശ്വേത ശെറാവത്തിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. ക്യാപ്റ്റൻ ഷഫാലി വർമ്മ 10 റൺസും സൗമ്യ തിവാരി 22 റൺസും നേടി പുറത്തായി.

സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. നാല് താരങ്ങൾ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി പർശാവി ചോപ്ര നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.

ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ജനുവരി 29 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.