Skip to content

സർഫറാസിനെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ സെലക്ടർ

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന സർഫറാസ് ഖാനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപെടുത്താതിരുന്നതിന് പിൻനിലെ കാരണം വിശദീകരിച്ച് ടീമിൻ്റെ സെലക്ടർമാരിൽ ഒരാളായ ശ്രീധരൻ ശരത്.

ആഭ്യന്തര ക്രിക്കറ്റിലെ മികവിലും ഇതുവരെയും ഇന്ത്യൻ ടീമിൽ സർഫറാസിനെ ഇന്ത്യ ഉൾപെടുത്തിയിട്ടില്ല. ഇതിനിടയിൽ സർഫറാസിനെ അവഗണിച്ച് സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ നിരവധി മുൻ താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ വിരാട് കോഹ്ലി, പുജാര, രോഹിത് ശർമ്മ, ഗിൽ, കെ എൽ രാഹുൽ എന്നിവർ അടങ്ങുന്ന ബാറ്റിങ് നിരയിൽ ഒഴിവുകൾ ഇല്ലെന്നും ശരിയായ സമയത്ത് സർഫറാസിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

” തീർച്ചയായും അവൻ ഞങ്ങളുടെ റഡാറിലുണ്ട്. ശരിയായ സമയത്ത് തന്നെ അവന് അവസരം ലഭിക്കും. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ബാലൻസും മറ്റു പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. “

” കോഹ്ലി ഇപ്പോഴും ഒരു മാച്ച് വിന്നറാണ്. ചേതേശ്വർ പുജാര ബാറ്റിങ് സന്തുലിതമാക്കുന്നു. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനും ബാറ്റ്സ്മാനുമാണ്. ശ്രേയസ് അയ്യർ സ്ഥിരത പുലർത്തുന്നു. കെ എൽ രാഹുലും ശുഭ്മാൻ ഗില്ലും വളരെ കഴിവുള്ള ബാറ്റ്സ്മാന്മാരാണ്. ” അദ്ദേഹം പറഞ്ഞു.