കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

പോണ്ടിച്ചേരിയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ സമനില നേടിയതോടെ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരളം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുവാനും സാധിക്കാതിരുന്നതോടെയാണ് കേരളം പുറത്തായത്. കേരളം പുറത്തായെങ്കിലും തലയുയർത്തി തന്നെയാണ് ടീമിൻ്റെ സീനിയർ താരം സച്ചിൻ ബേബി മടങ്ങുന്നത്.

സഞ്ജു സാംസൻ്റെ അഭാവവും മുൻനിരയുടെ ഫോമില്ലായ്മയിലും കേരളത്തെ മുൻപോട്ട് നയിച്ചത് സച്ചിൻ ബേബിയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിയുമ്പോൾ ഈ സീസണിലെ രണ്ടാമത്തെ ടോപ്പ് റൺസ് സ്കോററായാണ് സച്ചിൻ ബേബി മടങ്ങുന്നത്. 13 ഇന്നിങ്സുകളിൽ നിന്നും 83.00 ശരാശരിയിൽ ഈ സീസണിൽ 830 റൺസ് സച്ചിൻ ബേബി നേടിയിരുന്നു. 859 റൺസ് നേടിയ ധ്രുവ് ഷോറെ മാത്രമാണ് സച്ചിൻ ബേബിയ്ക്ക് മുൻപിലുള്ളത്.

മൂന്ന് സെഞ്ചുറി ഈ സീസണിൽ സച്ചിൻ ബേബി നേടി. ഈ സീസണിലെ പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10 സെഞ്ചുറിയും 4000 റൺസും സച്ചിൻ ബേബി പൂർത്തിയാക്കി. സച്ചിൻ ബേബിയ്ക്കൊപ്പം എടുത്ത് പറയേണ്ടത് ജലജ് സക്സേനയുടെ പ്രകടനമാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ സക്സേനയാണ്. 7 മത്സരങ്ങളിൽ നിന്നും 40 വിക്കറ്റ് സക്സേന കേരളത്തിനായി നേടി.

7 മത്സരങ്ങളിൽ മൂന്നിലും വിജയിച്ച കേരളം ഒരേയൊരു മത്സരത്തിൽ മാത്രമാണ് പരാജയപെട്ടത്. ഗോവയ്ക്കെതിരായ തോൽവിയും ഒപ്പം പോണ്ടിച്ചേരിയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുവാൻ സാധിക്കാതെ പോയതുമാണ് കേരളത്തിന് തിരിച്ചടിയായത്.