ഞാൻ കോഹ്ലിയേക്കാൾ മികച്ചവൻ പക്ഷേ അവരെന്നെ അവഗണിക്കുന്നു : അവകാശവാദവുമായി പാക് ബാറ്റർ

വിരാട് കോഹ്ലിയേക്കാൾ മികച്ച റെക്കോർഡ് ഉണ്ടായിട്ടും പാകിസ്ഥാൻ തന്നെ അവഗണിക്കുവെന്ന അവകാശവാദവുമായി പാക് ആഭ്യന്തര താരം ഖുറം മൻസൂർ. കറാച്ചിയിൽ നിന്നുള്ള താരം പാകിസ്ഥാന് വേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50 ഓവർ ഫോർമാറ്റിൽ നമ്പർ വൺ താരം ഞാനാണെന്നും പക്ഷേ തന്നെ പാകിസ്ഥാൻ ടീമിൽ എടുക്കില്ലെന്നും മൻസൂർ ആരോപിച്ചു.

” ഞാൻ എന്നെ കോഹ്ലിയുമായി താരതമ്യം ചെയ്യുകയല്ല. 50 ഓവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച 10 പേരെ തിരഞ്ഞെടുത്താൽ ഞാനായിരിക്കും നമ്പർ വൺ. എനിക്ക് പുറകിലാണ് കോഹ്ലിയുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റിൽ കോഹ്ലിയേക്കാൾ മികച്ച കൺവേർഷൻ റേറ്റ് എനിക്കുണ്ട്. കോഹ്ലി ഓരോ 6 ഇന്നിങ്സിലുമാണ് സെഞ്ചുറി നേടിയിട്ടുള്ളത് ഞാനാകട്ടെ ഓരോ 5.68 ഇന്നിങ്സിലും സെഞ്ചുറി നേടിയിട്ടുണ്ട്. ബാറ്റിങ് ശരാശരി വെച്ചുനോക്കിയാൽ ലിസ്റ്റ് എ ക്രിക്കറ്റിൽ ഞാൻ അഞ്ചാം സ്ഥാനത്ത് ഉണ്ടാകും. ”

” കഴിഞ്ഞ 48 ഇന്നിങ്സുകളിൽ 24 സെഞ്ചുറി ഞാൻ നേടിയിട്ടുണ്ട്. 2015 മുതൽ നോക്കിയാൽ പാകിസ്ഥാന് വേണ്ടി ഓപ്പൺ ചെയ്തവരേക്കാൾ കൂടുതൽ റൺസ് ഞാൻ നേടിയിട്ടുണ്ട്. ആഭ്യന്തര ടി20 യിലും ഏറ്റവും കൂടുതൽ റൺസും സെഞ്ചുറിയും നേടിയത് ഞാനാണ്. എന്നിട്ടും അവരെന്നെ അവഗണിക്കുന്നു. അതിന് കാരണവും അവർ തുറന്നുപറയുന്നില്ല. ” മൻസൂർ പറഞ്ഞു.

ലിസ്റ്റ് എ ക്രിക്കറ്റിൽ 166 മത്സരങ്ങളിൽ നിന്നും 27 സെഞ്ചുറി ഉൾപ്പടെ 7992 റൺസ് ഖുറം മൻസൂർ നേടിയിട്ടുണ്ട്. കോഹ്ലിയേക്കാൾ മികച്ചവനാണെന്ന താരത്തിൻ്റെ ഈ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.