അഭിമാനമായി മൊഹമ്മദ് സിറാജ് ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ഐസിസി ഏകദിന ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെയാണ് സിറാജ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കിയാണ് മൊഹമ്മദ് സിറാജ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. 729 റേറ്റിങ് പോയിൻ്റാണ് നിലവിൽ സിറാജിനുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെയാണ് ഇന്ത്യൻ ഏകദിന ടീമിൽ സിറാജ് തിരിച്ചെത്തിയത്. പിന്നീട് സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയ്ക്കായി സിറാജ് കാഴ്ച്ചവെച്ചത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റ് നേടിയ സിറാജ് അതിന് മുൻപ് ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റ് സിറാജ് നേടിയിരുന്നു.

ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആറാമത്തെ ഇന്ത്യൻ ബൗളറാണ് മൊഹമ്മദ് സിറാജ്. മനിന്ദർ സിങ്, കപിൽ ദേവ്, അനിൽ കുംബ്ലെ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ഇതിന് മുൻപ് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ.

പരമ്പരയിൽ ഒരു ഡബിൾ സെഞ്ചുറി ഉൾപ്പടെ രണ്ട് സെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ റാങ്കിങിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരെ പിന്നിലാക്കികൊണ്ട് ആറാം സ്ഥാനത്തെത്തി. റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് ശുഭ്മാൻ ഗിൽ.