Skip to content

ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 386 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 41.2 ഓവറിൽ 295 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

100 പന്തിൽ 12 ഫോറും 8 സിക്സും ഉൾപ്പടെ 138 റൺസ് നേടിയ ഓപ്പണർ ഡെവൻ കോൺവെ മാത്രമാണ് മത്സരത്തിൽ കിവികൾക്ക് വേണ്ടി തിളങ്ങി. ഹെൻറി നിക്കോൾസ് 40 പന്തിൽ 42 റൺസ് നേടി പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ചഹാൽ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 212 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തിന് ശേഷം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശർമ്മ 85 പന്തിൽ 9 ഫോറും 6 സിക്സും ഉൾപ്പടെ 101 റൺസ് നേടിയപ്പോൾ ശുഭ്മാൻ ഗിൽ 78 പന്തിൽ 13 ഫോറും 5 സിക്സും ഉൾപ്പടെ 112 റൺസ് അടിച്ചുകൂട്ടി.

അവസാന ഓവറുകളിൽ 38 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 54 റൺസ് നേടി ഹാർദിക്ക് പാണ്ഡ്യ തകർത്തടിച്ചതോടെയാണ് ഇന്ത്യൻ സ്കോർ 350 കടന്നത്. ശാർദുൽ താക്കൂർ 17 പന്തിൽ 25 റൺസ് നേടി. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പര 3-0 ന് തൂത്തുവാരി.