Skip to content

തകർപ്പൻ റെക്കോർഡിൽ സെവാഗ് ഗംഭീർ കൂട്ടുകെട്ടിനെ പിന്നിലാക്കി രോഹിത് ശർമ്മയും ഗില്ലും

സീനിയർ താരം ശിഖാർ ധവാൻ, ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ എന്നിവരെ ഒഴിവാക്കികൊണ്ടാണ് ശുഭ്മാൻ ഗില്ലിനെ രോഹിത് ശർമ്മയുടെ സഹ ഓപ്പണറായി ഇന്ത്യ ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത്. പിന്നീട് ഒരു ഡബിൾ സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറി നേടികൊണ്ട് ടീമിൻ്റെ തീരുമാനം യുവതാരം ശരിവെയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്നുകൊണ്ട് തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണർ.

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 212 റൺസ് കൂട്ടിച്ചേർത്തിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ 101 റൺസ് നേടി പുറത്തായപ്പോൾ ശുഭ്മാൻ ഗിൽ 112 റൺസ് നേടി പുറത്തായി. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഓപ്പണിങ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണർമാരായി ഇരുവരും മാറി.

2009 ൽ ഹാമിൽട്ടണിൽ 201 റൺസ് കൂട്ടിച്ചേർത്ത വീരേന്ദർ സെവാഗ് – ഗൗതം ഗംഭീർ, 2006 ൽ നാപിയറിൽ 201 റൺസ് കൂട്ടിച്ചേർത്ത ശ്രീലങ്കൻ ഓപ്പണർമാരായ ഉപുൽ തരംഗ – സനത് ജയസൂര്യ എന്നിവരുടെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്.